FLASH NEWS

FLASH NEWS.............

important

SSLC FINAL IT EXAMINATION starts on FEBRUARY 25th Click Here... FOR MORE STUDY MATERIALSClick Here...

Wednesday, 20 November 2019

വിദ്യാലയം പ്രതിഭകളോടൊപ്പം.......നാലാം ദിവസം







വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയില്‍ ഇന്ന് ഇരിയയുടെ അഭിമാനമായ കായലടുക്കത്തെ ആയുര്‍വേദാചാര്യന്‍ രാജന്‍ വൈദ്യരെയാണ് ഇരിയ സ്കൂളിലെ കുട്ടികള്‍ സന്ദര്‍ശിച്ചത്. ആയുര്‍വേദ, കളരി-മര്‍മ്മ ചികിത്സാ രംഗത്തെ പ്രമുഖനാണ് അദ്ദേഹം. കൂടാതെ, യോഗയിലും കരാട്ടേയിലും വിദഗ്ദ്ധനാണ്. പ്രക‍‍‍‌ൃതിരമണീയമായ വീടും പരിസരവുമാണ് അദ്ദേഹത്തിന്റേത്. പൂച്ചെണ്ട് നല്‍കി കുട്ടികള്‍ അദ്ദേഹത്തെ ആദരിച്ചു.ആയുര്‍വേദ ചികില്‍സാരീതികളേക്കുറിച്ചും യോഗയേക്കുറിച്ചുമെല്ലാം കുട്ടികള്‍ ചോദിച്ചറിഞ്ഞു.ഇവയിലൂടെ ശാരീരികവും മാനസികവുമായ ഉണര്‍വ്വും ഉന്‍മേഷവും ലഭിക്കുമെന്ന് പ്രണവം എന്ന യോഗവിദ്യ ചെയ്തുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. പുതിയ കാലഘട്ടത്തില്‍ മനുഷ്യന്റെ പല രോഗങ്ങള്‍ക്കും കാരണം തെറ്റായ ഭക്ഷണരീതികളും വ്യായാമമില്ലായ്മയും തെറ്റായ ഗൃഹനിര്‍മ്മാണ രീതികളുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ശുദ്ധജലം ധാരാളം കുടിക്കുകയും മലമൂത്ര വിസര്‍ജ്ജനം കൃത്യമായി നടത്തുകയും ചെയ്താല്‍തന്നെ പല രോഗങ്ങള്‍ക്കും ശമനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുറ്റത്തും പറമ്പിലുമെല്ലാം ഔഷധച്ചെടികളുടെ ഖനി തന്നെ ഉണ്ട്.ഓരോന്നും അദ്ദേഹം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.വരും തലമുറയെങ്കിലും പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയോടിണങ്ങി ജീവിക്കുകയും ചെയ്യണമെന്നുള്ള സന്ദേശമാണ് ഒന്നര മണിക്കൂര്‍ സമയം കൊണ്ട് അദ്ദേഹം കുട്ടികള്‍ക്ക് നല്‍കിയത്.

Tuesday, 19 November 2019

'വിദ്യാലയം പ്രതിഭകളോടൊപ്പം'......മൂന്നാം ദിവസം





വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി ഇരിയയിലെ പ്രശസ്ത ഗായിക ശ്രീദിവ്യയോടൊപ്പം ചെലവഴിച്ച വിലപ്പെട്ട നിമിഷങ്ങള്‍ ഏതൊരു വിദ്യാര്‍ത്ഥിയുടെയും  മനസ്സില്‍ എന്നെന്നും നിലനില്‍ക്കും. തന്റെ സര്‍ഗവാസനയെ പ്രോത്സാഹിപ്പിക്കാന്‍ സഹായകമല്ലാത്ത ദരിദ്ര കു‌ുടുംബത്തില്‍ താങ്ങും തണലുമായ അച്ഛനെ സഹായിക്കാന്‍ പ്ലസ് ടുവില്‍ പഠനം നിര്‍ത്തി, റെക്കോര്‍ഡിങ്ങിനിറങ്ങി. അതിലൂടെ സഹോദരിമാരുടെ പഠനച്ചുമതല ഏറ്റെടുത്തു.സ്വന്തം വരുമാനം കൊണ്ട് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സാറിനെപ്പോലുള്ള പ്രഗല്‍ഭരായ സംഗീതാദ്ധ്യാപകരുടെ അനുഗ്രഹത്തോടെയാണ് താന്‍ സ്വപ്നം കണ്ട സംഗീതകലയുടെ പടവുകള്‍ കയറിയത്.കുട്ടികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും വളരെ ലളിതമായി സ്വന്തം ജീവിത സാക്ഷ്യങ്ങളിലൂടെ ഈ അനുഗ്രഹീത ഗായിക മറുപടി നല്‍കി.വിവിധ ഭാഷകളിലായി ശ്രീദിവ്യ ആലപിച്ച രണ്ടായിരത്തിലേറെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും തന്റെ ഗുരുക്കന്‍മാരെ ദൈവതുല്യരായി കാണുന്ന , എളിമയും ലാളിത്യവും വാക്കിലും പ്രവര്‍ത്തിയിലും പ്രകടമാക്കുന്ന ശ്രീദിവ്യ അംഗീകരിക്കപ്പെടേണ്ട ഒരു പ്രതിഭ തന്നെയാണ്.

Monday, 18 November 2019

വിദ്യാലയം പ്രതിഭകളോടൊപ്പം.........രണ്ടാം ദിവസം






'വിദ്യാലയം പ്രതിഭകളോടൊപ്പം' പദ്ധതിയിലെ രണ്ടാം ദിവസമായ 18/11/2019 തിങ്കളാഴ്ച ഒന്‍പതാം തരത്തിലെ 15 കുട്ടികളും 2 അദ്ധ്യാപികമാരുമടങ്ങിയ സംഘം സന്ദര്‍ശിച്ചത് പ്രശസ്ത നാടകഗാനരചയിതാവും കവിയും ഗായകനുമായ ശ്രീ.പി വി സി നമ്പ്യാരെയാണ്. ഇരിയ ലാലൂരുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി പൂക്കള്‍ നല്‍കി കുട്ടികള്‍ ആദരിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥനായും അനര്‍ട്ട് എന്‍ജിനീയറായും കവിയായും ഒക്കെ ശോഭിച്ചിട്ടുള്ള അദ്ദേഹത്തോടൊപ്പം ചെലവഴിച്ച 1 മണിക്കൂര്‍ പുതിയ അനുഭവങ്ങളും പാഠങ്ങളുമാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയത്. കലാരംഗത്ത് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് നാടകഗാനങ്ങളുടെ രചനയോടുകൂടിയാണെന്നും അതിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചത് മറക്കാനാവാത്ത അനുഭവമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമൂഹത്തില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയെക്കുറിച്ചും മാതാപിതാക്കളെ വ‍ൃദ്ധസദനങ്ങളിലേക്കയക്കുന്ന പുതുതലമുറയുടെ രീതികളേക്കുറിച്ചും അദ്ദേഹം എഴുതിയ കവിതകള്‍ ഹൃദ്യങ്ങളായിരുന്നു.അവ മനോഹരമായി ആലപിക്കുക കൂടി ചെയ്തപ്പോള്‍ ഏവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. മാതാപിതാക്കളെ, അധ്യാപകരെ, മുതിര്‍ന്നവരെ ഒക്കെ ബഹുമാനിക്കുന്ന, അനുസരിക്കുന്ന നല്ല പൗരന്‍മാരായി വളരണമെന്ന സന്ദേശം അദ്ദേഹം കുട്ടികള്‍ക്ക് നല്‍കി. 'ഗുരുശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാതൃക' എന്നു തോന്നും വിധം, 40 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഗുരുവിനെ കാണാന്‍ പോയ അനുഭവം അദ്ദേഹം കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു. താങ്കള്‍ തിളങ്ങിയിട്ടുള്ള മേഖലകളില്‍ ഏറ്റവും ഇഷ്ടം ഏതെന്ന കുട്ടികളുടെ ചോദ്യത്തിന് 'സൈനികന്‍' എന്ന മറുപടി നല്‍കിക്കൊണ്ട് മാതൃരാജ്യത്തോടുള്ള സ്നേഹം അദ്ദേഹം പ്രകടിപ്പിച്ചു. സാഹിത്യ രംഗത്തെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കിയാണ് അദ്ദേഹം യാത്രയാക്കിയത്. അവിടെ ചെലവഴിച്ച ഒരു മണിക്കൂര്‍ ഒരായുസ് മുഴുവന്‍ ഓര്‍ക്കാനുള്ള മനോഹരമായ ഓര്‍മ്മകളാണ് സമ്മാനിച്ചത്.

Saturday, 16 November 2019

"വിദ്യാലയം പ്രതിഭകളോടൊപ്പം ......"

14/11/2019





പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന'വിദ്യാലയം പ്രതിഭകളോടൊപ്പം'എന്ന പരിപാടിക്ക് പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്കൂളില്‍ തുടക്കമായി.പ്രശസ്ത തബല,കീബോര്‍ഡ്, വാദ്യോപകരണ വിദഗ്ദ്ധന്‍ ശ്രീ. ശിവരാജ് ഇരിയയുടെ വീട്ടിലെത്തി ഒരു കൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ദേഹവുമായി സംവദിച്ചു. സ്കൂള്‍ ലീഡര്‍ ലുലു മര്‍ജാന പൂച്ചെണ്ട് നല്‍കി ആദരിച്ചു. സംഗീതത്തെക്കുറിച്ചും വിവിധ വാദ്യോപകരണങ്ങളെക്കുറിച്ചുമുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം വിശദമായ മറുപടി നല്‍കി. 8-ാം തരത്തിലെ ശിവരജ്ഞിനിയുടെ 'ഹരിവരാസന'ത്തിന് ഒപ്പം തബല വായിച്ച് കുട്ടികളുടെ ആഗ്രഹം അദ്ദേഹം സഫലമാക്കി.തുടര്‍ന്ന് തബലയും കീബോര്‍ഡും മാറിമാറി ഉപയോഗിച്ചു കൊണ്ട് കുട്ടികളെ വിസ്മയഭരിതരാക്കി.ചെറുപ്പത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങണമെന്നും മനസ്സില്‍ സംഗീതം ഉള്ളവര്‍ക്ക് ജീവിതത്തിലെ ഏതു പ്രതിസന്ധി ഘട്ടത്തിലും അത് ആശ്വാസമരുളുമെന്നും അദ്ദേഹം കുട്ടികള്‍ക്ക് സന്ദേശം നല്‍കി.വേറിട്ട അനുഭവം സമ്മാനിച്ച ശ്രീ.ശിവരാജിനും അതിനവസരമൊരുക്കിയ വിദ്യാഭ്യാസ വകുപ്പിനും നന്ദി പറഞ്ഞു കൊണ്ടാണ് കുട്ടികള്‍ മടങ്ങിയത്.
 

Thursday, 14 November 2019



ശിശുദിനത്തില്‍ ഭിന്നശേഷിക്കാരായ സഹപാഠികളുടെ ഭവന സന്ദര്‍ശനം നടത്തി ഇരിയയിലെ കുട്ടികള്‍




ശിശുദിനത്തില്‍ ഭിന്നശേഷിക്കാരായ സഹപാഠികളെ ചേര്‍ത്തുപിടിച്ച് പുല്ലൂര്‍ ഇരിയയിലെ കുട്ടികള്‍. ഒന്നാം ക്ലാസുകാരന്‍ ആദിത്യുവും പത്താം ക്ലാസുകാരന്‍ പ്രവീണും എന്‍ഡോസള്‍ഫാന്‍ ബാധിതരാണ്. സ്കൂളില്‍ വരാന്‍ സാധിക്കുന്നത് വല്ലപ്പോഴും മാത്രം. ആദിത്യുവിന്റെ വയമ്പിലെ വീട്ടിലെത്തി ക്ലാസധ്യാപികയും കുട്ടികളും മധുരവും റോസാപ്പൂവും നല്‍കി ശിശുദിനാശംസകളറിയിച്ചു.പ്രവീണിന്റെ സായി ഗ്രാമത്തിലെ വീട്ടിലെത്തിയാണ് കുട്ടികള്‍ ശിശുദിനാശംസകള്‍ നേര്‍ന്നത്.ഇവരും ഇവരെപ്പോലുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ ചേര്‍ത്തു പിടിച്ച് ഒപ്പം നടത്തേണ്ട ചുമതല നമ്മുടേതാണെന്നുമുള്ള നല്ല പാഠം സമൂഹത്തിനു നല്‍കുകയാണ് ഇരിയയിലെ കുട്ടികള്‍.

ശിശുദിനാഘോഷം

14/11/2019









 

ജവഹര്‍ ലാല്‍നെഹ്റുവിന്റെ 130-ാം ജന്‍മദിനവും ശിശുദിനവും സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ലിയില്‍ ഹെഡ്മിസ്ട്രസും പി ടി എ പ്രസിഡണ്ടും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നെഹ്രുത്തൊപ്പി ധരിപ്പിച്ചും റോസാപ്പൂക്കള്‍ നല്‍കിയും പ്രീ പ്രൈമറിയിലെ 43 കുട്ടികളെയും അലങ്കരിച്ച് ആദരിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും മധുരപലഹാരം വിതരണം ചെയ്തു. എക്സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി - ലഹരിമുക്ത കേരളം പദ്ധതിയുടെ ബാഡ്ജുകള്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. തുടര്‍ന്ന് ഇരിയ ടൗണിലേക്ക് റാലിയും നടത്തി. അധ്യാപകര്‍, പി ടി എ,എംപിടിഎ കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെ വിവിധ കലാ മത്സരങ്ങളും സമ്മാനദാനവും നടന്നു.

Wednesday, 6 November 2019

കേരളപ്പിറവി ദിനം

01/11/2019
കേരളപ്പിറവി ദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു. അതിജീവനത്തിന്റെ പുതിയ മാത‍ൃക ലോകത്തിനു മുമ്പില്‍ കാണിച്ചുകൊടുക്കാന്‍ ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ചുകൊണ്ട് കേരളീയരായ നമുക്ക് സാധിച്ചു. ഇതിന്റെ പ്രതീകമായ ചേക്കുടി പാവകളെ പരിചയപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.